Drisya TV | Malayalam News

വിദേശത്ത് ജോലി ചെയ്യുന്നതിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹർജി നൽകിയ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമർശനം

 Web Desk    2 Nov 2026

വിദേശത്ത് ജോലി ചെയ്യുന്നതിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹർജി നൽകിയ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമർശനം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞ ആളാണ് ടോമിൻ തച്ചങ്കരി എന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയൊരാൾക്ക് ജയിലിൽ നിന്നും ഇറങ്ങിയ ഉടൻ ജോലിക്ക് പോകാൻ സാധിക്കുമെന്ന് പറയുന്നതിൽ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾക്ക് എങ്ങനെ വിദേശത്തുപോയി ജോലി ചെയ്യാൻ കഴിയുമെന്നും ജസ്റ്റിസ് എ.ബദറുദീൻ ചോദിച്ചു. ജയിലിൽ പോകുമ്പോൾ ഗുരുതര രോഗവും പുറത്തിറങ്ങിയാൽ സുഖവാസവുമാണ് പലരുടെയും രീതിയെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവിന് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ച തച്ചങ്കരിക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തു പോകരുത് എന്നതായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥ. എന്നാൽ താൻ ഷാർജയിൽ ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജരാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും കാട്ടി തച്ചങ്കരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജോലിക്കു പുറമേ ദുബായിലെ ഒരു ഐടി കൺസൾട്ടൻസി സ്ഥാപനത്തിൽ പങ്കാളിയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ വേളയിൽ വിദേശത്തായിരുന്നെങ്കിലും കോടതി ആവശ്യപ്പെട്ട എല്ലാ ദിവസങ്ങളിലും താൻ മുടങ്ങാതെ ഹാജരായിട്ടുണ്ടെന്നും കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകളെല്ലാം പാലിച്ചിട്ടുണ്ടെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം.തുടർന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ബദറുദീന്റെ ഭാഗത്തുനിന്ന് തച്ചങ്കരിക്കെതിരെ പരാമർശങ്ങളുണ്ടായത്.

  • Share This Article
Drisya TV | Malayalam News