തീവണ്ടിയാത്രയ്ക്കിടെ അപരിചിതരായ രണ്ടുയാത്രക്കാർക്ക് ഒരു പുതപ്പുമാത്രം നൽകിയ സംഭവത്തിൽ റെയിൽവേയ്ക്ക് 25,000 രൂപ പിഴയിട്ട് ഡൽഹി ഉപഭോക്തൃ തർക്കപരിഹാരകമ്മിഷൻ. 2022 ഒക്ടോബറിൽ പ്രയാഗ്‌രാജിൽനിന്ന് ഡൽഹിയിലേക്ക് യാത്രചെയ്തവർ നൽകിയ കേസിലാണ് സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പിഴയിട്ടത്.
ആർ.എ.സി. ടിക്കറ്റിലാണ് ഇരുവരും യാത്രചെയ്തത്. ഇവർക്ക് തീവണ്ടിജീവനക്കാർ ഒരു പുതപ്പും ഒരു തലയിണയും രണ്ട് ബെഡ്ഷീറ്റുമാണ് നൽകിയത്. മറ്റൊരു പുതപ്പ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.യാത്രക്കാരന്റെ പരാതിയിൽ 2009-ലെ റെയിൽവേ ബോർഡ് സർക്കുലർപ്രകാരം എ.സി. ക്ലാസുകളിൽ ആർ.എ.സി. യാത്രക്കാർക്കും ബെഡ്‌റോൾ ചാർജ്, ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുന്നുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.
യാത്രക്കാരൻ അനുഭവിച്ച മാനസികബുദ്ധിമുട്ടുകൾക്കും ശാരീരിക അസൗകര്യങ്ങൾക്കും പരിഹാരമായി 20,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും ചേർത്ത് 25,000 രൂപ നൽകാനാണ് ഡൽഹി ഉപഭോക്തൃകമ്മിഷൻ ഉത്തരവിട്ടത്.