Drisya TV | Malayalam News

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം 

 Web Desk    24 Jul 2026

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം. 10% മുതൽ 12.5% വരെയാണ് തീരുവ. യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക പങ്കാളികളെയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ താരിഫ്.ഈ വർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താത്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്.

ഈ വർഷം ആദ്യം യുഎസ് സുപ്രീം കോടതി ട്രംപ് ഏർപ്പെടുത്തിയ പല താരിഫുകളും നിയമവിരുദ്ധമായി നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പുതിയ വഴികളിലൂടെ ട്രംപ് താരിഫ് നീക്കങ്ങൾ നടത്തുന്നത്.അമേരിക്ക ഇറക്കുമതി ചെയ്യുന്ന 99.4% ഉൽപ്പന്നങ്ങളെയും ബാധിക്കുന്ന വിധത്തിലാണ് ഈ പ്രഖ്യാപനം. തൊഴിൽ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് 12.5% നിരക്കിലാണ് താരിഫ് ചുമത്തിയിരിക്കുന്നത്. ആദ്യം ഇന്ത്യക്ക് 12.5 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അടുത്തിടെ ഇന്ത്യ അടുത്തിടെ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പുതിയ നിയമങ്ങളും നടപടികളും കൊണ്ടുവന്നത് കണക്കിലെടുത്ത് താരിഫ് നിരക്ക് 10% ആയി കുറച്ചു.ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർബന്ധിത തൊഴിലിലൂടെ ഉത്പാദിപ്പിച്ചവയല്ലെന്ന് ഉറപ്പാക്കുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടു എന്ന കാരണത്താലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ട്രംപ് ഭരണകൂടം പറയുന്നു.

  • Share This Article
Drisya TV | Malayalam News