Drisya TV | Malayalam News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും മാറ്റി സർക്കാർ ഉത്തരവിറക്കി

 Web Desk    28 Jun 2026

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും മാറ്റി സർക്കാർ ഉത്തരവിറക്കി. ഗീനാകുമാരിയെ ജില്ലാ പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി മുഖ്യമന്ത്രി വി. ഡി സതീശൻ ഉത്തരവിട്ടു. അഡി. ഗവ. പ്ലീഡർ എ.ആർ ഷാജിക്കാണ് പകരം ചുമതല. മറ്റൊരു നിയമനം നടക്കുന്നതുവരെ താൽക്കാലിക ചുമതലയാണ് നൽകിയത്. പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ പരിശോധനയക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയെ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കസ്റ്റഡിൽ വേണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.   

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ അസാധാരണ നടപടിയിലേക്ക്. കേസിൽ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് കോടതിയിൽ വാദിച്ച അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ പ്രോസിക്യൂട്ടർ എതിർ കക്ഷിയാക്കാൻ തീരുമാനിച്ചു. പ്രതിയുടെ ജാമ്യത്തിനെതിരെ പോലീസ് നൽകിയ റിപ്പോർട്ടിന് തികച്ചും വിരുദ്ധമായാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാട് സ്വീകരിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിക്കുന്ന അപ്പീലിൽ സ്വന്തം പ്രോസിക്യൂട്ടറെത്തന്നെ എതിർകക്ഷിയാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഒരു ക്രിമിനൽ കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നത് നിയമചരിത്രത്തിൽ അപൂർവമായ നടപടിയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പോലീസിന്റെ ആവശ്യ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രോസിക്യൂട്ടർ പ്രവർത്തിച്ചതാണ് സർക്കാരിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

  • Share This Article
Drisya TV | Malayalam News