Drisya TV | Malayalam News

യുഎസ് സൈന്യം തങ്ങളുടെ ജോലി തീർക്കാൻ നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ഡോണൾഡ് ട്രംപിന്റെ ഭീഷണി

 Web Desk    28 Jun 2026

ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ പ്രതികരണം. 'ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. ഞങ്ങൾ വിജയകരമായി തുടങ്ങിയ ജോലി പൂർത്തിയാക്കാൻ യുഎസ് സൈന്യവും നിർബന്ധിതരാകും. അങ്ങനെയുണ്ടായാൽ ഇറാൻ ഇനി ബാക്കിയുണ്ടാവില്ല.'-ട്രംപ് പറഞ്ഞു.

അതിനിടെ, ഇറാന്റെ 10 സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള 10 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും എംടി കികു എന്ന കപ്പലിനുനേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ, യുഎസിനെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് പ്രതികരിച്ചു. യുഎസ് ആക്രമണത്തിനുള്ള മറുപടിയായി കുവൈത്തിലും ബഹ്റൈനിലും ആക്രമണം നടത്തിയെന്നും ഐആർജിസി പറഞ്ഞു.

വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായ രണ്ടാംദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്. ഇതോടെ ഒരാഴ്ച പിന്നിടുന്ന ഇറാൻ-യുഎസ് ധാരണാപത്രത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. അന്തിമ കരാറിലേക്ക് എത്തുന്നതിനായുള്ള ഇറാൻ-യുഎസ് രണ്ടാംഘട്ട ചർച്ച ഇന്നോ നാളയോ നടക്കാനിരിക്കേയാണ് പുതിയ സംഭവവികാസങ്ങൾ.

  • Share This Article
Drisya TV | Malayalam News