Drisya TV | Malayalam News

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള പദ്ധതിയിൽ നാസ

 Web Desk    25 Jun 2026

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള പദ്ധതിയിലാണ് നാസ. എന്നാൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ഈ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വിദഗ്ധരിൽ നിന്നും ശക്തമായ എതിർപ്പുകളാണ് ഉയരുന്നത്. നാസ‍യുടെ ഈ നീക്കം ഗുരുതരമായ പാരിസ്ഥിതിക, നിയമപരമായ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.

2000 മുതൽ പ്രവർത്തനസജ്ജമായ ഐ.എസ്.എസ് 2030ഓടെ ഭൂമിയിലെത്തിക്കാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സ് വികസിപ്പിച്ചെടുക്കുന്ന പ്രത്യേക യുഎസ് ഡീഓർബിറ്റ് വെഹിക്കിൾ ഉപയോഗിച്ച് നിലയത്തെ നിയന്ത്രിതമായി അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിക്കുകയും, ബഹിരാകാശ പേടകങ്ങളുടെ ശ്മശാനം എന്നറിയപ്പെടുന്ന ദക്ഷിണ പസഫിക് സമുദ്രത്തിലെ പോയിന്റ് നെമോയിലേക്ക് പതിപ്പിക്കുകയുമാണ് നാസയുടെ പദ്ധതി. ജനവാസ മേഖലകളിലെ അപകടസാധ്യത ഒഴിവാക്കാനാണ് ലോകത്ത് കരയിൽ നിന്ന് ഏറ്റവും അകലെയുള്ള ഈ ഭാഗം തിരഞ്ഞെടുത്തത്. എങ്കിലും, ഈ പദ്ധതിക്കെതിരെ ദ ഓഷ്യൻ ഫൗണ്ടേഷൻ പോലുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സമുദ്രം വിദൂരത്താണെന്നതുകൊണ്ട് അതിന് മൂല്യമില്ലെന്നോ അവിടെ പ്രശ്നങ്ങളില്ലെന്നോ അർത്ഥമില്ല എന്ന് ഓഷ്യൻ ഫൗണ്ടേഷൻ പ്രസിഡന്റ് മാർക്ക് സ്പാൽഡിംഗ് പറഞ്ഞു. നാസയും അന്താരാഷ്ട്ര ഏജൻസികളും വിശദമായ പാരിസ്ഥിതിക പഠനം നടത്തണമെന്നും, സമുദ്രത്തിൽ പതിക്കാൻ പോകുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

  • Share This Article
Drisya TV | Malayalam News