കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
നിയമസഭയിലെ ബഡ്‌ജറ്റ് അവതരണത്തിലാണ് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചത്. 'കാലാകാലങ്ങളായി മുൻ സർക്കാരുകൾ വാഗ്ദാനം ചെയ്യുകയും എന്നാൽ ഇതുവരെ നടപ്പാക്കാൻ സാധിക്കാത്തതുമായ ലൈറ്റ് മെട്രോ പദ്ധതികൾ ഈ സർക്കാർ നടപ്പാക്കും.പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു' - വി ഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരത്തെ മെട്രോ റെയിലിന്റെ പദ്ധതിരേഖ അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കാനിരിക്കെയാണ് ബജറ്റിലെ പ്രഖ്യാപനം. പദ്ധതിരേഖക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ കേന്ദ്രാനുമതിക്കായി അയക്കും. പാപ്പനംകോട് നിന്ന് കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും അവിടെ നിന്ന് ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ വരെയും എത്തുന്ന 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്.
ഭാവിയിൽ ആറ്റിങ്ങൽവരെയും നെയ്യാറ്റിൻകരവരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റ്റാണിത്. മെട്രോയ്ക്കായി പൂർണമായി എലിവേറ്റഡ് പാതയാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഏകദേശം പതിനായിരം കോടി രൂപയാണ് പദ്ധതിച്ചെലവ്. കൊച്ചി മെട്രോയുടെ മാതൃകയിലാണെങ്കിൽ 60 ശതമാനം വായ്പയെടുത്തും 20 ശതമാനം വീതം സംസ്ഥാന, കേന്ദ്ര സർക്കാർ വിഹിതമുപയോഗിച്ചുമാകും പദ്ധതി പൂർത്തിയാക്കുക.