കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കടുത്ത പ്രതികരണവുമായി ഹൈക്കോടതി. തിങ്കളാഴ്ച്ച കോടതിയിൽ നേരിട്ടു ഹാജരായില്ലെങ്കിൽ നിയമപ്രകാരം കോടതിയിൽ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. 'ഈ കോടതി മുമ്പാകെ ഹാജരാകാൻ മുഹമ്മദ് ഹനീഷ് കാണിക്കുന്ന വിമുഖതയിൽ അങ്ങേയറ്റം അതൃപ്തി രേഖപ്പെടുത്തുന്നു' എന്നും ജസ്റ്റിസ് ബദറുദീൻ വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ ജൂലൈ രണ്ടിനകം തീരുമാനമെടുക്കാൻ കേസിൽ പുതുതായി കക്ഷി ചേർത്ത കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി കെ.ബിജുവിനും കോടതി നിർദേശം നൽകി.
കേസിലെ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ 3 തവണയും അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് കോടതിയലക്ഷ്യ നടപടികൾക്ക് തുടക്കമായത്.നേരത്തേ കേസ് പരിഗണിച്ച വേളയിൽ, മുഹമ്മദ് ഹനീഷ് ഹാജരായിട്ടില്ലെന്ന് അറിഞ്ഞപ്പോൾ കോടതിയോട് കളിക്കാൻ നിൽക്കരുതെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ‌് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുമെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.