Drisya TV | Malayalam News

ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവുമായി കർണാടക സർക്കാർ

 Web Desk    19 Jun 2026

കർണാടകയിലെ ഗതാഗത നിയമലംഘന പിഴകൾ അടച്ചുതീർക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ജൂൺ 21 മുതൽ ജൂലൈ 10 വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുക. 2026 മെയ് മാസത്തിന് മുമ്പ് രജിസ്റ്റർ ചെയ്ത ട്രാഫിക് ഇ-ചലാനുകൾക്കും 1991 മുതൽ 2022 വരെയുള്ള കാലയളവിലെ ഗതാഗത വകുപ്പിന്റെ തീർപ്പാക്കാത്ത കേസുകൾക്കും ഈ ഇളവ് ബാധകമാണ്.

20 ദിവസത്തെ പ്രത്യേക വിൻഡോയിലൂടെയാണ് പിഴ അടക്കാൻ അവസരമുള്ളത്. ജൂൺ 21ന് ആരംഭിച്ച് ജൂലൈ 10ന് സമാപിക്കും. കർണാടക വൺ (Karnataka One) വെബ്സൈറ്റ്, കർണാടക സ്റ്റേറ്റ് പൊലീസ് (KSP) ആപ്പ്, അല്ലെങ്കിൽ ബി.ടി.പി അസ്‌ട്രാം (BTP ASTraM) ആപ്പ് വഴി പിഴ ഓൺലൈനായി അടക്കാം. തിരഞ്ഞെടുത്ത 12 പ്രത്യേക കൗണ്ടറുകൾ വഴിയും ട്രാഫിക് മാനേജ്‌മെന്റ് സെന്ററുകൾ വഴിയും പിഴ നേരിട്ട് അടക്കാൻ സൗകര്യമുണ്ടാകും.

മുമ്പ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിയപ്പോൾ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. കഴിഞ്ഞ തവണ നടന്ന ഇളവ് കാലയളവിൽ 77 ലക്ഷത്തിലധികം കേസുകൾ തീർപ്പാക്കുകയും ഏകദേശം 201 കോടി രൂപ പിഴയിനത്തിൽ ലഭിക്കുകയും ചെയ്തിരുന്നു. ഇത്തവണയും വൻതോതിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഒഴിവാക്കി, സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശ്ശികയുള്ളവർ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു. ജൂലൈ 11ന് നടക്കുന്ന ദേശീയ ലോക് അദാലത്തിന് മുന്നോടിയായാണ് ഈ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News