Drisya TV | Malayalam News

ടെലിഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി

 Web Desk    19 Jun 2026

ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ പേപ്പർ ചോർച്ചയോ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗമോ ഉണ്ടാകാതിരിക്കാൻ നടപടി അത്യാവശ്യമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ കോടതി പിന്തുണച്ചു. വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിവച്ച കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ച നടപടി തെറ്റല്ലെന്ന് കോടതി നിരീക്ഷിച്ചു. ഐടി ആക്റ്റിന്റെ സെക്ഷൻ 69എ പ്രകാരമുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് സർക്കാർ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ നിയന്ത്രണ മാർഗമാണ് സർക്കാർ സ്വീകരിച്ചത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനുള്ള അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ, സർക്കാർ നിരത്തിയ കാരണങ്ങൾ പര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു.

നിരോധന ഉത്തരവ് വ്യക്തമായ കാരണങ്ങളോടെയുള്ളതാണെന്നും, ആലോചനയില്ലാതെ എടുത്ത തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കി. വിവരങ്ങളുടെ പരിധിയിൽ നിന്ന് ടെലിഗ്രാം പോലുള്ള ഒരു പ്ലാറ്റ്ഫോമിനെ ഒഴിവാക്കാൻ ഐടി ആക്റ്റിൽ ഒരിടത്തും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടെലിഗ്രാം നിരോധിച്ചതിനുള്ള കാരണങ്ങൾ പരസ്യപ്പെടുത്തിയില്ലെന്ന തരത്തിൽ ഉയർന്ന എതിർപ്പുകളെല്ലാം കോടതി പൂർണമായി തള്ളി. പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ സർക്കാരിന് പൂർണ അവകാശമുണ്ടെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്.

  • Share This Article
Drisya TV | Malayalam News