തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ‌് ചെയ്തു. ഇരയായ പെൺകുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരും ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയവരുമാണ്. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തിരച്ചിലിൽ, വിജനമായ സ്‌ഥലത്ത് ഗുരുതരമായ പരുക്കുകളോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങി. പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. തുടർന്ന് ഇയാളെ പൊലീസിനു കൈമാറി. സംഭവത്തിൽ വൻ ജനരോഷമാണ് പ്രദേശത്ത് അലയടിക്കുന്നത്. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും ഒരാൾ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.