Drisya TV | Malayalam News

മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട എൽ.എച്ച്.യദുവിന് നിയമസഭയിൽ ഡ്രൈവറായി താൽക്കാലിക നിയമനം

 Web Desk    13 Jun 2026

മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവവർ ജോലി നഷ്ടപ്പെട്ട എൽ.എച്ച്.യദുവിന് നിയമസഭയിൽ ഡ്രൈവറായി താൽക്കാലിക നിയമനം നൽകി. യദുവിന് ജോലി നൽകണം എന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പ‌ീക്കർക്ക് കത്തു നൽകിയിരുന്നു.ആര്യ രാജേന്ദ്രൻ പരാതി നൽകിയതിനെ തുടർന്നാണ് യദുവിന് കെഎസ്ആർടിസിയിലെ ജോലി നഷ്ട‌പ്പെട്ടത്.

ആര്യയ്ക്കെതിരെ യദുവും പരാതി നൽകിയിരുന്നു. 2024 ഏപ്രിൽ 28ന് പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലായിരുന്നു സംഭവം. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും നടുറോഡിൽ കാർ കുറുകേയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞു തർക്കമുണ്ടാകുകയായിരുന്നു.വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായത്. തുടർന്ന്, യദുവിനെതിരെ കേസെടുത്തു.

ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്‌ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്.ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും ബസ് തടഞ്ഞു യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടുവെന്നും കാണിച്ച് ഡ്രൈവർ യദു പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് വിവാദമായതോടെയാണ് കേസെടുത്തത്. കോടതിയിൽ മേയർക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

  • Share This Article
Drisya TV | Malayalam News