Drisya TV | Malayalam News

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി

 Web Desk    13 Jun 2026

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി. ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക ലഗേജിന് ചാർജ് ഈടാക്കണം. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണം. സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണം.

അതേ സമയം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് മുൻഗണന. സർക്കാർ ഗ്യാറന്റിയിൽ കെഎസ്ആർടിസിക്ക്‌ ഓവർഡ്രാഫ്റ്റ് അനുവദിക്കും. ഈ പണം മാസം ആദ്യം കെഎസ്ആർടിസിക്ക് ലഭ്യമാകും. മാസം അവസാനത്തോടെ പലിശ ഉൾപ്പെടെ സർക്കാർ അടയ്ക്കും. ഇത് സ്ഥിരം സംവിധാനം ആക്കും. ബാങ്കുകളുമായി ചർച്ച അന്തിമ ഘട്ടത്തിലാണ്.

പണം മാസവസാനം നൽകാമെന്ന സർക്കാർ നിർദേശം കെഎസ്ആർടിസി തള്ളിയിരുന്നു. സൗജന്യ യാത്ര ലോഗോ തയ്യാറാക്കൽ പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടെയുള്ള ലോഗോ ആണ് തയ്യാറാകുന്നത്. കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ അംഗീകരിച്ചില്ല. ഡിസൈൻ തയാറാക്കാൻ സി ഡിറ്റിനു കരാർ നൽകിയിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ലോഗോ തയാറാകും. തിങ്കളാഴ്ചക്ക് മുമ്പായി ലോഗോ ബസ്സുകളിൽ പതിക്കും. 3125 ബസുകളിലാണ് സ്ത്രീകൾക്ക് ഈ സൗജന്യം ലഭിക്കുക.

  • Share This Article
Drisya TV | Malayalam News