രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല വിപുലീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് ഒട്ടുമിക്ക വാഹന നിർമാതാക്കളും ഫ്ലെക്സ്-ഫ്യുവൽ എൻജിനിലേക്ക് മാറി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഈ വർഷം ഡിസംബറോടെ രാജ്യത്തുടനീളം 500 എഥനോൾ (E80) വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചു. 2027 ആകുമ്പോഴേക്കും ഇത്തരം ഇന്ധന സ്റ്റേഷനുകളുടെ എണ്ണം 5,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ പാസഞ്ചർ വാഹനമായ മാരുതി സുസുക്കിയുടെ 'വാഗൺ ആർ' (WagonR) വിപണിയിൽ ഇറക്കിക്കൊണ്ടുള്ള ചടങ്ങിലാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. നിലവിലെ 20 ശതമാനം (E20) എഥനോൾ മിശ്രിത പരിധിക്കും മുകളിൽ പൂർണമായും എഥനോളിൽ വരെ ഓടിക്കാൻ കഴിയുന്ന വാഹനമാണിത്. 'മുമ്പും വലിയ തോതിൽ E80 വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അന്ന് അതിനനുയോജ്യമായ വാഹനങ്ങൾ വിപണിയിൽ സജ്ജമായിരുന്നില്ല' -ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടി.
പെട്രോളും എഥനോളും ഏത് അനുപാതത്തിലും കലർത്തി ഉപയോഗിക്കാൻ കഴിയുന്ന എഞ്ചിനുകളിൽ മാറ്റം വരുത്തിയ വാഹനങ്ങളാണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ. ഇതിലൂടെ വിദേശത്തുനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വൻതോതിൽ കുറക്കാനും അതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാധിക്കും. ആദ്യ ഘട്ടത്തിൽ ഡൽഹി-എൻ.സി.ആർ, പുണെ, മുംബൈ, നാഗ്പൂർ എന്നീ നഗരങ്ങളിൽ 50 മുതൽ 100 വരെ സ്റ്റേഷനുകൾ സ്ഥാപിച്ച് കൊണ്ടായിരിക്കും പദ്ധതിക്ക് തുടക്കം കുറിക്കുക.
സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോൾ ഇന്ധനത്തിന് (E85/E100) വില കുറവായിരിക്കും. ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് റോഡ് നികുതിയിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ശിപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ജി.എസ്.ടി നിരക്കുകൾ കുറക്കുന്ന കാര്യവും ജി.എസ്.ടി കൗൺസിലിന്റെ പരിഗണനയിലാണെന്നും ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കും അവ വിതരണം ചെയ്യുന്ന പമ്പുകൾക്കും പ്രത്യേക ലോഗോകളും തിരിച്ചറിയൽ അടയാളങ്ങളും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.