പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്.പണനയ നിർണയ സമിതി ഐകകണ്ഠ്യേനയാണ് നിലവിലെ നിരക്കുകൾ നിലനിർത്താൻ തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. അതായത്, അടുത്ത രണ്ടുമാസത്തേക്ക് കൂടി ബാങ്ക് വായ്പകളുടെ പലിശനിരക്കിൽ മാറ്റമുണ്ടാകില്ല. ഭവന, വാഹന, വ്യക്തിഗത വായ്പകൾ ഉള്ളവർക്കും പുതുതായി വായ്പ തേടുന്നവർക്കും ഇത് ആശ്വാസമാണ്.
സാഹചര്യങ്ങൾ വിലയിരുത്തി പണനയം നിശ്ചയിക്കുന്ന ‘ന്യൂട്രൽ’ പോളിസിയും തുടരാൻ എംപിസി തീരുമാനിച്ചു.കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. ഐകണ്ഠ്യേനയായിരുന്നു തീരുമാനം.
പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡോയിൽ വിലയിലുണ്ടായ വർധനയും ഹോർമുസ് തടസ്സവും ആഗോള സമ്പദ്‍വ്യവസ്ഥയെ ഇടിവിന്റെ ‘റിസ്കിൽ’ ആക്കിയിട്ടുണ്ടെന്ന് ഗവർണർ കഴിഞ്ഞ യോഗശേഷം പറഞ്ഞിരുന്നു.കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) ഇന്ത്യ 7.6% ജിഡിപി വളർച്ച കൈവരിച്ചു.