Drisya TV | Malayalam News

മാസപ്പടി കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

 Web Desk    5 Jun 2026

മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിൻ്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സിഎംആർഎല്ലിൻ്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. വെള്ളിയാഴ്ച അന്തിമവിധി വരുംവരെ തുടർ നടപടികൾ ഉണ്ടാകരുതെന്ന് ഇഡിയോട് നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി നടപടികളൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം, വീണാ വിജയൻ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാൽ അവർക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാണിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്ത‌ിരുന്നു. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇഡി മുന്നോട്ട് പോയിരുന്നു.

ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്.എന്നാൽ, ഇഡിക്ക് അന്വേഷിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രെഡിക്കേറ്റ് ഒഫൻസ് കേസിൽ ഇതുവരെ വെളിവായിട്ടില്ലെന്ന് സിഎംആർഎൽ കോടതിയിൽ ആവർത്തിച്ചു.

എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായതിനാൽ അതിനെ നിലവിൽ ഒരു കേസായി പരിഗണിക്കാൻ കഴിയില്ലെന്നും അതിനാൽ പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ പ്രധാന വാദം. ബാംഗ്ലൂർ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ലഭിച്ച നിർണായക വിവരങ്ങൾ ആവശ്യമെങ്കിൽ ഹൈക്കോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് സിഎംആർഎല്ലിനെതാരയ നടപടി വെള്ളിയാഴ്ച വരെ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News