പശ്ചിമേഷ്യയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾക്കായി ചൈനയിലേക്ക്. മെയ് 13 മുതൽ 15 വരെ ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തുന്നത്. ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാൻ വിഷയത്തിൽ യു.എസും ചൈനയും തമ്മിലുള്ള ചർച്ചകൾ തുടരുമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥരും അറിയിച്ചു. റഷ്യൻ വിഷയവും ചർച്ച ചെയ്യും.
ഉന്നതതല കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇറാനെയും റഷ്യയെയും കുറിച്ച് ഇരു നേതാക്കളും നിരവധി സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. "ഇറാൻ വിഷയത്തെക്കുറിച്ചും റഷ്യ വിഷയത്തെക്കുറിച്ചും പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങുമായി നിരവധി തവണ സംസാരിച്ചു. ആ രണ്ട് ഭരണകൂടങ്ങൾക്കും ചൈന നൽകുന്ന സഹായം, സാധനങ്ങൾ എന്നിവ അജണ്ടയിൽ ഉൾപ്പെടുത്തും.
യു.എസ്-ചൈന ബോർഡ് ഓഫ് ട്രേഡ്, ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയിലെ തുടർ പ്രവർത്തനങ്ങൾ ചർച്ചയിൽ ഉൾപ്പെടുന്നുവെന്ന് യു.എസ് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാപാരത്തിൽ പരസ്പര താൽപ്പര്യമുള്ള മേഖലകൾ തിരിച്ചറിയുന്നതിൽ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും.വ്യവസായം, എയ്‌റോസ്‌പേസ്, കൃഷി, ഊർജം എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ കരാറുകളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യും. തായ്‌വാനെക്കുറിച്ച് ഇരു നേതാക്കളും തുടർച്ചയായ സംഭാഷണം നടത്തുന്നുണ്ടെന്നും അമേരിക്കൻ നയത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.