Drisya TV | Malayalam News

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച ഇന്ന് 

 Web Desk    11 May 2026

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. തമിഴ്നാട്ടിലെ വിവിധ പാർട്ടികളിലെ മുതിർന്ന നേതാക്കളുമായി വിജയ് ഇന്ന് (തിങ്കളാഴ്ച) കൂടിക്കാഴ്‌ച നടത്തും എന്നാണ് വിവരം. എല്ലാവരേയും അവരുടെ വസതികളിൽ ചെന്നായിരിക്കും സന്ദർശിക്കുകയെന്നും ടിവികെയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

വിസികെ അധ്യക്ഷൻ തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈക്കോ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയെല്ലാം വിജയ് വീട്ടിലേക്ക് ചെന്ന് സന്ദർശിക്കും എന്നാണ് വിവരം. എഐഎഡിഎംകെ നേതൃത്വത്തെ കാണുന്ന കാര്യത്തിൽ മാത്രമാണ് അനിശ്ചിതത്വം നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി വിജയയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അനുഗ്രഹം തേടുന്നതിനൊപ്പം ഭരണനിർവഹണത്തിന് വേണ്ട അഭിപ്രായങ്ങൾ കൂടി ആരായാനാണ് വിജയ് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്കായി സ്റ്റാലിന്റെ വീട്ടിൽവിളിച്ച് ഇതിനോടകം അനുമതി തേടിയെന്നും, അനുമതി ലഭിച്ചുവെന്നും വൃത്തങ്ങൾ അറിയിക്കുന്നു.

ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇന്നലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വലിയ ജനാവലിക്ക് നടുവിൽ, ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. രാഷ്ട്രീയ, സിനിമാ മേഖലയിൽനിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

  • Share This Article
Drisya TV | Malayalam News