കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിരിക്കുന്നത്.
മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായാണ് സൂചന.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.സി. വേണുഗോപാലിൻ്റെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നതെന്ന വാർത്തകൾക്കിടെയാണ് ചർച്ചകൾ കൂടുതൽ വിപുലമാക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുന്നത്. കെ.സി. വേണുഗോപാലിന് വേണ്ടി കെ. സുധാകരൻ ഇതിനോടകം തന്നെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.എന്നാൽ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ ഘടകകക്ഷികളെയും സംസ്ഥാന നേതാക്കളെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഹൈക്കമാൻഡിനുണ്ട്. പാർട്ടിയെ തിരഞ്ഞെടുപ്പിൽ നയിച്ച വി.ഡി. സതീശനെയും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെയും പരിഗണിക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന സാഹചര്യങ്ങളും ഹൈക്കമാൻഡ് ഗൗരവമായി കാണുന്നു. വി.ഡി. സതീശന് അനുകൂലമായ പിആർ റിപ്പോർട്ടുകളും അണികളുടെ വികാരപ്രകടനങ്ങളും ചർച്ചകളെ സ്വാധീനിക്കുന്നുണ്ടെന്നാണ് സൂചന.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മുൻ കെപിസിസി അധ്യക്ഷന്മാർ ഡൽഹിയിലെത്തുന്നതോടെ അടുത്ത രണ്ട് ദിവസത്തിനകം തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.