കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല സ്വദേശിയായ ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
കോതമംഗലത്തെ ദന്തൽ കോളേജിലെ ഒൻപതംഗ വിദ്യാർഥിസംഘമാണ് വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ, മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒഴുക്കിൽപ്പെട്ട മൂന്ന് പേരെയും കണ്ടെത്താനായത്.വിദ്യാർഥികളെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾത്തന്നെ മൂവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.