Drisya TV | Malayalam News

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണം പകുതിയായി വെട്ടിക്കുറച്ച്‌ എണ്ണക്കമ്പനികൾ

 Web Desk    10 May 2026

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണം പകുതിയായി വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ. ഇതോടെ ക്ഷാമം രൂക്ഷമായി. എണ്ണക്കമ്പനികൾ ലോഡുകളിൽ കുറവ് വരുത്തിയതിനാൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾ ആവശ്യാനുസരണം നൽകാനാവുന്നില്ലെന്ന് ഗ്യാസ് ഏജൻസി ഉടമകൾ പറയുന്നു. ഇതോടെ വീട്ടിലെ അടുക്കളയും പൂട്ടേണ്ടിവരുമെന്ന ആധിയിലാണ് ഉപഭോക്താക്കൾ.

മുമ്പ് ദിവസം രണ്ടുലോഡ് സിലിണ്ടറുകളാണ് എത്തിയിരുന്നത്. കുറച്ചുമാസങ്ങളായി ഒരുലോഡ് മാത്രമാണ് എണ്ണക്കമ്പനികൾ നൽകുന്നത്. ഒരുലോഡ് എത്തിയാൽ, ദിവസം 40 സിലിണ്ടറാണ് വിതരണം ചെയ്യാനാവുക. ദിവസം നൂറിലേറെ ബുക്കിങ്ങാണുണ്ടാവുക. രണ്ട് ലോഡ് ലഭിച്ചാലേ ഇതനുസരിച്ച് വിതരണം നടക്കൂ. ബുക്ക്‌ ചെയ്‌ത്‌ മൂന്നാഴ്ചവരെ കാത്തിരിക്കേണ്ട സാഹചര്യമാണ്.

28 ദിവസത്തെ ഇടവേളയിൽ സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് എണ്ണക്കമ്പനികൾ നടപ്പാക്കിയിരിക്കുന്നത്. മൂന്നുമാസമായി പുതിയ കണക്‌ഷനുകളും നൽകുന്നില്ല. പമ്പുകൾവഴി നൽകുന്ന അഞ്ചുകിലോയുടെ 'ഛോട്ടു' ഗ്യാസും മിക്കയിടത്തും നിർത്തിവച്ചിരിക്കുകയാണ്. വാണിജ്യ സിലിണ്ടറിന് വില കൂടിയതോടെ ഹോട്ടലുകൾ പലതും പൂട്ടി. ഗാർഹിക സിലിണ്ടറും കിട്ടാതായാൽ പ്രതിസന്ധി രൂക്ഷമാകും.

  • Share This Article
Drisya TV | Malayalam News