ഇളയ ദളപതി ജോസഫ് സി. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തകരുടെ ആവേശത്തിരയിളക്കത്തിലായിരുന്നു വിജയിയുടെ സത്യപ്രതിജ്ഞ.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലികൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഒമ്പത് ടി.വി.കെ മന്ത്രിമാരും ചുമതലയേറ്റു. 59 വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ അധികാരമേറുന്നത്.
ടി.വി.കെ നേതാക്കളായ കെ.എ. ശെങ്കാട്ടയൻ, എൻ. ആനന്ദ്, കെ.ജി. അരുൾ രാജ്, ആധവ് അർജുന, സി.ടി.ആർ നിർമൽകുമാർ, രാജ്മോഹൻ, പി. വെങ്കട്ടരമണൻ, ടി.കെ. പ്രഭു, എസ്. കീർത്തന തുടങ്ങിയവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തത്. മന്ത്രിസഭയിൽ കോൺഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ വേദിയിലുണ്ടായിരുന്നു.,