ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കേരള യാത റദ്ദാക്കി. വിജയിനെ ലോക്ഭവനിലേക്കു ക്ഷണിച്ച് ഗവർണർ. വിജയ് ഉടൻ ഗവർണറെ കാണും. നാളെ സത്യപ്രതിജ്‌ഞയ്ക്കു സാധ്യത.
വിജയിന്റെ തമിഴക വെട്രി കഴകത്തിന് 2 എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ നൽകിയതോടെയാണ് ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയത്. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകും.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണയും ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു. 120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) എന്നിവയുടെ പിന്തുണക്കത്ത് ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജയിനെ ഗവർണർ തിരിച്ചയച്ചത്. ഇതിനിടെ, വിജയിനെ സത്യപ്രതിജ്‌ഞയ്ക്ക് ക്ഷണിക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ടിവികെയിലെ ഒരംഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.