Drisya TV | Malayalam News

ഇറാൻ യുദ്ധത്തിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾക്കുമെതിരെ ശനിയാഴ്ച അമേരിക്കയിൽ നടന്ന 'നോ കിങ്സ്' റാലികളിൽ വൻ ജനക്കൂട്ടം

 Web Desk    29 Mar 2026

ഇറാൻ യുദ്ധത്തിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾക്കുമെതിരെ ശനിയാഴ്ച അമേരിക്കയിൽ നടന്ന 'നോ കിങ്സ്' റാലികളിൽ വൻ ജനക്കൂട്ടം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളിലായി നടന്ന പരിപാടികളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. അമേരിക്കക്ക് പുറമെ വിദേശത്ത് അമേരിക്കക്കാർ താമസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മിനസോട്ടയിലെ പ്രകടനമാണ്. കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെയാണ് മിനസോട്ടയിലെ പരിപാടി പ്രധാനമായും സംഘടിപ്പിച്ചത്. സെന്റ് പോളിലെ ക്യാപിറ്റൽ പുൽത്തകിടിയിലെ പ്രധാന വേദിയിൽ പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിംഗ്‌സ്റ്റീൻ മുഖ്യാതിഥിയായി പങ്കെടുത്തു. 

ശൈത്യകാലത്തും യു.എസ് കസ്റ്റംസ് ആൻഡ് എമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാരുടെ കടന്നുകയറ്റത്തിനെതിരെ തെരുവിലിറങ്ങിയ മിനസോട്ടയിലെ ജനങ്ങളെ അദ്ദേഹവും മറ്റു പ്രാസംഗികരും പ്രശംസിച്ചു. വേദിയിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, തന്റെ ഗാനങ്ങളിലൂടെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

നോ കിംഗ്സ് റാലികളുടെ ആദ്യ രണ്ടു റൗണ്ടുകളിലും നിരവധി പേർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ജൂൺ അഞ്ചിനും ഒക്ടോബർ ഏഴിനുമായിരുന്നു നേരത്തെ പ്രക്ഷോഭങ്ങൾ നടന്നിരുന്നത്. ഇത്തവണ 9 ദശലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. 50 സംസ്ഥാനങ്ങളിലായി 3,100-ലധികം പരിപാടികളാണ് ഇത്തവണ രജിസ്റ്റർ ചെയ്തത്. 

8.5 ദശലക്ഷം നിവാസികളുള്ള ന്യൂയോർക്ക് സിറ്റി മുതൽ, കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ ട്രംപ് 66% വോട്ട് നേടിയ ഐഡഹോയിലെ 2,000-ൽ താഴെ മാത്രം ജനസംഖ്യയുള്ള ഡ്രിഗ്‌സ് എന്ന ചെറിയ ടൗണിൽ വരെ പ്രക്ഷോഭ ശബ്ദങ്ങൾ അലയടിച്ചു.

  • Share This Article
Drisya TV | Malayalam News