Drisya TV | Malayalam News

നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഉറക്കം നഷ്ടപ്പെട്ടവർക്കായി യു.എ.ഇയിൽ ആദ്യത്തെ സ്ലീപ്പ് ക്ലാസ് ആരംഭിച്ചു

 Web Desk    29 Mar 2026

നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഉറക്കം നഷ്ടപ്പെട്ടവർക്കായി യു.എ.ഇയിലെ പ്രമുഖ ഫിറ്റ്‌നസ് ശൃംഖലയായ 'ജിംനേഷൻ' മിഡിൽ ഈസ്റ്റിലെ ആദ്യത്തെ സ്ലീപ്പ് ക്ലാസ് ആരംഭിച്ചു. 'നാപ് ടൈം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിശ്രമത്തെ ഒരു ആഡംബരമായല്ല മറിച്ച് മികച്ച പ്രകടനത്തിനുള്ള ഉപാധിയായാണ് അവതരിപ്പിക്കുന്നത്.ശരീരത്തെയും മനസ്സിനെയും ക്രമാനുഗതമായി വിശ്രമത്തിലേക്ക് നയിക്കുന്ന നാല് ഘട്ടങ്ങളാണ് ഈ ക്ലാസിലുള്ളതെന്ന് കോച്ച് ഡെസ്മണ്ട് വോങ് പറഞ്ഞു. പേശികളിലെ വലിമുറുക്കം കുറയ്ക്കുന്നതിനുള്ള യോഗാധിഷ്ഠിത സ്ട്രെച്ചിങിലൂടെയാണ് തുടക്കം. തുടർന്ന്, ഹൃദയമിടിപ്പ് കുറയ്ക്കാനും സമ്മർദ്ദ ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്ന ശ്വസന നിയന്ത്രണ വ്യായാമങ്ങൾ നടക്കും. മൂന്നാം ഘട്ടമായി ഹാൻഡ്‌പാൻ സംഗീതത്തിന്‍റെ അകമ്പടിയോടെയുള്ള ധ്യാനവും, അവസാനമായി കിടക്കകളും ഐ-മാസ്കുകളും സജ്ജീകരിച്ച പ്രത്യേക സാഹചര്യത്തിൽ ശാന്തമായ ഉറക്കവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉയർന്ന ഊർജ്ജസ്വലതയും ഉൽപ്പാദനക്ഷമതയും ആവശ്യപ്പെടുന്ന ദുബൈ പോലുള്ള നഗരങ്ങളിൽ ആളുകൾക്ക് മനസ്സിനെ ശാന്തമാക്കാൻ പ്രയാസമാണെന്നും, അവർക്ക് വേണ്ടിയാണ് ഈ ക്ലാസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ജിംനേഷൻ സി.എം.ഒ റോറി മക് എന്റീ പറഞ്ഞു. ദുബൈയിലെ സേജ് ക്ലിനിക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഗുർവീൻ റേഞ്ചറുടെ സഹകരണത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പേശികളുടെ വളർച്ചയ്ക്കും ഹോർമോൺ നിയന്ത്രണത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ശരിയായ ഉറക്കം അത്യാവശ്യമാണെന്നും, വ്യായാമത്തിലൂടെ നേടുന്ന ഫലങ്ങൾ ശരീരത്തിൽ പ്രതിഫലിക്കുന്നത് വിശ്രമവേളകളിലാണെന്നും ഡോക്ടർ ഓർമ്മിപ്പിച്ചു.

ജിമ്മിൽ വരാൻ കഴിയാത്തവർക്ക് വീട്ടിലും ഇത്തരം രീതികൾ പരീക്ഷിക്കാമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. കിടക്കുന്നതിന് മുൻപ് അല്പനേരം ശരീരം ലഘുവായി സ്ട്രെച്ച് ചെയ്യുന്നതും, അഞ്ച് മിനിറ്റ് മൂക്കിലൂടെ ദീർഘമായി ശ്വസിക്കുന്നതും ഗുണകരമാണ്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കി ശാന്തമായ അന്തരീക്ഷം ഒരുക്കുന്നത് ശരീരത്തെ 'ഫൈറ്റ് ഓർ ഫ്ലൈറ്റ്' മോഡിൽ നിന്ന് വിശ്രമത്തിലേക്ക് മാറാൻ സഹായിക്കും

  • Share This Article
Drisya TV | Malayalam News