റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയുമായി പോവുകയായിരുന്ന തുർക്കി കമ്പനി നിയന്ത്രിക്കുന്ന എണ്ണക്കപ്പലിന് നേരെ കരിങ്കടലിൽ ആക്രമണം. സിയറ ലിയോൺ പതാകയുള്ള കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിന്റെ എൻജിൻ റൂമിൽ വ്യാഴാഴ്ച പുലർച്ചെയാണ് സ്ഫോടനമുണ്ടായതെന്ന് തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദിർ ഉറലോലൂ അറിയിച്ചു.
കപ്പലിനെ പൂർണ്ണമായും പ്രവർത്തനരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻജിൻ റൂമിന് നേരെ ആക്രമണം നടന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഡ്രോണുകൾക്ക് പകരം ജലനിരപ്പിലൂടെ സഞ്ചരിക്കുന്ന 'ആളില്ലാ ഉപരിതല വാഹനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. ബോസ്ഫറസ് കടലിടുക്കിൽ നിന്ന് 30 കിലോമീറ്ററിൽ താഴെ മാത്രം ദൂരത്താണ് ഈ സംഭവം നടന്നതെന്നും അടിയന്തര സഹായത്തിനായി പ്രത്യേക യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം കരിങ്കടൽ ഒരു യുദ്ധമേഖലയായി മാറുന്നതിൽ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുക്രെയ്നുമായും റഷ്യയുമായും തുർക്കി അടുത്ത ബന്ധം പുലർത്തുന്നുണ്ടെങ്കിലും മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കരിങ്കടൽ, രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കേന്ദ്രമാകരുതെന്ന തുർക്കി മുന്നറിയിപ്പിനിടയിലാണ് ഈ പുതിയ ആക്രമണം.