നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. സംസ്‌കാരം നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ്. സന്ധ്യാ രാജേന്ദ്രൻ ആണ് ഭാര്യ.
ഒട്ടേറെ ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുള്ള ഇ.എ.രാജേന്ദ്രൻ നാടകങ്ങളും സംവിധാനം ചെയ്തു.
ഡൽഹിയിലെ നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു. ഭാര്യ പിതാവ് ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്നു. 1987ൽ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അാവർഡ് ലഭിച്ചു.പ്രണയവർണങ്ങൾ, പാട്ടാഭിഷേകം, ദയ തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും അഭിനയിച്ചു.