ഇന്ത്യ അടക്കമുള്ള സുഹൃദ്രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്കുവഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇറാൻ എക്സിൽ കുറിച്ചു.
ഹോർമൂസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാന്റെ സുഹൃദ്രാജ്യങ്ങൾക്ക് ഹോർമൂസിൽകൂടി കടന്നുപോകാമെന്ന് അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ യു.എസ്. മുന്നോട്ടുവെച്ച 15-ഇന പദ്ധതി ഇറാൻസർക്കാർ ബുധനാഴ്ച തള്ളിക്കളഞ്ഞു. പകരം, ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നതുൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടുവെച്ചുവെന്ന് ഇറാന്റെ ഔദ്യോഗികമാധ്യമമായ 'പ്രസ് ടി.വി.' റിപ്പോർട്ടുചെയ്തു. യു.എസ്. ഇത് അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും അറിയിച്ചു.അതേസമയം, യു.എസിൻ്റെ പദ്ധതി ഇറാൻ ഒറ്റയടിക്കു തള്ളിക്കളഞ്ഞിട്ടില്ലെന്നും അവലോകനം ചെയ്യുകയാണെന്നും 'റോയിറ്റേഴ്സ്' വാർത്താ ഏജൻസി പറഞ്ഞു.