രാത്രിയിൽ സീറ്റ് ബുക്ക് ചെയ്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തിരികെ വിളിപ്പിച്ച് വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. പുലർച്ചെ ഒരുമണിയോടെ പെരുമ്പാവൂർ ബസ് സ്റ്റാന്റിലാണ് സംഭവം. ഏഴ് സ്ത്രീകളടക്കം പത്തിലധികം യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്ത് ബസ് കാത്തുനിന്നിരുന്നത്.
എന്നാൽ സ്റ്റാന്റിൽ പ്രവേശിക്കാതെ ബസ് എം.സി റോഡ് വഴി നേരിട്ട് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ബസ് എത്താതിരുന്നതിനെത്തുടർന്ന് യാത്രക്കാർ ഡിപ്പോയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് സ്റ്റാന്റിൽ കയറാതെ പോയ വിവരം അറിയുന്നത്. തുടർന്ന് ബസിലെ ജീവനക്കാരെ നേരിട്ട് ഫോണിൽ വിളിച്ചെങ്കിലും തിരികെ വരാൻ അവർ തയാറായില്ല.ഇതോടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഡിപ്പോയിലെ ജീവനക്കാരെ ഉപരോധിച്ചു.
പ്രതിഷേധം ശക്തമായതോടെ ഡിപ്പോയിൽനിന്ന് ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും ബന്ധപ്പെട്ട് അടിയന്തരമായി തിരികെയെത്താൻ കർശന നിർദേശം നൽകി. ഈ സമയം മൂവാറ്റുപുഴയും പിന്നിട്ട് പെരുമ്പാവൂരിൽനിന്ന് 40 കിലോമീറ്റർ ദൂരെ എത്തിയിരുന്നു ബസ്. ഒടുവിൽ 40 കിലോമീറ്റർ തിരികെ ഓടി പെരുമ്പാവൂർ സ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റിയ ശേഷമാണ് സർവീസ് തുടർന്നത്.