Drisya TV | Malayalam News

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍

 Web Desk    23 Mar 2026

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍. നിലവിലെ 14.2 കിലോ വരുന്ന എല്‍പിജി സിലണ്ടറുകളില്‍ 10 കിലോ നിറച്ച് വിതരണത്തിന് എത്തിക്കാനാണ് ശ്രമം. പരിമിതമായ സ്റ്റോക്കുകള്‍ക്കിടയിലും കൂടുതല്‍ പേരിലേക്ക് സിലിണ്ടറുകള്‍ എത്തിക്കാം എന്നതാണ് ഈ നീക്കത്തിന് പിന്നില്‍. 

14.2 കിലോയുടെ സിലിണ്ടര്‍ ഒരു കുടുംബത്തിന് ശരാശരി 35-40 ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. 10 കിലോയാക്കി ചുരുക്കുമ്പോഴും സിലിണ്ടറിന്‍റെ ഉപയോഗം ഒരു മാസത്തേക്ക് ലഭിക്കും. ലഭ്യമായ ഗ്യാസിനെ തുല്യമായ വിതരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അളവ് കുറയ്ക്കുകയാണെങ്കില്‍ ഇത് സിലിണ്ടറിന് മുകളില്‍ ലേബല്‍ ചെയ്ത് വിലയിലും കുറവ് വരുത്തും. കമ്പനികള്‍ ബോട്ടിലിങ് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി നിയമപരമായ അനുമതികള്‍ വാങ്ങിയ ശേഷമാകും ഇത് നടപ്പിലാക്കുക. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ എൽപിജി ബുക്കിങ് ഇളവേള 25ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചിരുന്നു. എൽപിജി ക്ഷാമം ഇന്ത്യൻ വിപണികളെ സമ്മർദ്ദത്തിലാക്കുന്നത് തുടരുന്നതിനാലായിരുന്നു പെട്രോളിയം മന്ത്രാലയത്തിന്‍റെ തീരുമാനം.

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്‌. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും.

  • Share This Article
Drisya TV | Malayalam News