പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നവർക്കായി 2026 ഏപ്രിൽ ഒന്ന് മുതൽ രാജ്യമുടനീളം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. അപേക്ഷാ ഫോമുകളിലും രേഖകളിലും വലിയ മാറ്റങ്ങളാണ് വരുന്നത്. 2026 മാർച്ച് 31 വരെ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പാൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഏപ്രിൽ 1 മുതൽ ആധാർ കൂടാതെ മറ്റ് അധിക രേഖകൾ കൂടി സമർപ്പിക്കേണ്ടി വരും.
പുതിയ നിയമപ്രകാരം ജനനത്തീയതി സ്ഥിരീകരിക്കുന്നതിന് ആധാറിന് പുറമെ പ്രത്യേക രേഖകൾ ആവശ്യമാണ്. ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐ.ഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒന്ന് അധികമായി നൽകണം.
ഏപ്രിൽ മുതൽ പാൻ കാർഡിലെ പേരും ആധാർ കാർഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി ഒത്തുപോയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. നിലവിലെ പാൻ അപേക്ഷാ ഫോമുകൾ മാർച്ച് 31ഓടെ നിർത്തലാക്കും. ഏപ്രിൽ 1 മുതൽ പുതിയ ഫോമുകൾ ആയിരിക്കും ലഭ്യമാവുക.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമൺ സർവീസ് സെന്ററുകളാണ് (CSC) ഈ വിവരങ്ങൾ പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും abhirendra.pal@csc.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. അധിക നടപടിക്രമങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ 2026 മാർച്ച് 31ന് മുമ്പായി അപേക്ഷകൾ പൂർത്തിയാക്കണമെന്ന് നിർദേശമുണ്ട്.
പുതിയ അപേക്ഷാ രീതിയിൽ ഇ-കെ.വൈ.സി (e-KYC) കൂടുതൽ കർശനമാക്കും. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമേ അപേക്ഷ പൂർത്തിയാക്കാൻ സാധിക്കൂ. നിലവിൽ പാൻ കാർഡ് ഉള്ളവർക്ക് ഈ നിയമം ബാധകമല്ല. എന്നാൽ വിവരങ്ങളിൽ തിരുത്തൽ വരുത്താൻ ശ്രമിക്കുമ്പോൾ പുതിയ നിയമങ്ങൾ ബാധകമായേക്കാം. ഇന്ത്യയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന പ്രവാസികൾക്കും ഈ പുതിയ രേഖാ സമർപ്പണ നിയമങ്ങൾ ബാധകമായിരിക്കും. അവർ പാസ്‌പോർട്ട് പ്രധാന രേഖയായി കരുതേണ്ടി വരും.