Drisya TV | Malayalam News

പ്രതിരോധം ശക്തിപ്പെടുത്താൻ 1,800 കോടി രൂപയുടെ ഡ്രോൺ പദ്ധതിയുമായി സർക്കാർ

 Web Desk    18 Mar 2026

പ്രതിരോധം ശക്തിപ്പെടുത്താൻ 1,800 കോടി രൂപയുടെ ഡ്രോൺ പദ്ധതിയുമായി സർക്കാർ. ഡ്രോൺ നിർമാണത്തിന് ചൈന ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇറക്കുമതി കുറച്ച് പ്രതിരോധ ആവശ്യങ്ങൾക്കും കയറ്റുമതിക്കുമായി തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഡ്രോണുകളുടെ നിർണായക ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിൽ നവീന സാധ്യതകൾ പരീക്ഷിക്കാനാകും വൻ തുക നീക്കിവെയ്ക്കുക.2030ഓടെ ഡ്രോൺ ഉത്പാദനത്തിന്റെയും സേവനത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുകയെന്നതും ലക്ഷ്യമാണ്.

ഉത്പന്ന കേന്ദ്രീകൃത ആനുകൂല്യ പദ്ധതി(പിഎൽഐ) മാതൃകയിലാകും കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുക. ഗവേഷണങ്ങൾക്കും വികസനത്തിനുമായി 600 കോടി രൂപവരെ ചെലവഴിക്കും. നവീന രൂപകല്പന, ഗവേഷണം എന്നിവയ്ക്കാകും പിന്തുണ നൽകുക. നിർമാണ പ്രോത്സാഹനത്തിനായി 1,200 കോടിയും നീക്കിവെയ്ക്കും. എയർഫ്രെയ്‌മുകൾ, മോട്ടോറുകൾ തുടങ്ങിയ ഭാഗങ്ങൾ നിർമിക്കുന്നതിനും വില്പനയ്ക്കുമാകും ഈ സഹായം നൽകുക.

ഇന്ത്യൻ ഡ്രോൺ വിപണിയിലെ ചെറുകിട കമ്പനികൾ നിലവിൽ ഘടകഭാഗങ്ങളുടെ 50 ശതമാനത്തിലധികവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്ന തരത്തിലുള്ള ആശ്രിതത്വം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി ഡ്രോണിന്റെ ചട്ടക്കൂടായ എയർഫ്രെയിമുകൾ മുതൽ സങ്കീർണ്ണമായ ഫ്‌ലൈറ്റ് കൺട്രോളറുകൾ വരെ ഇന്ത്യയിൽ തന്നെ നിർമിക്കേണ്ടതുണ്ട്.

ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പദ്ധതിയാണ് അവതരിപ്പിക്കുന്നത്. 12 മന്ത്രാലയങ്ങളുടെ ഏകോപനം പദ്ധതിയിലുണ്ടാകും. കൃഷി, അടിസ്ഥാന സൗകര്യ പരിശോധന, ലോജിസ്റ്റിക്സ്, പ്രതിരോധം എന്നീ മേഖലകളിൽ ഡ്രോണുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിയിൽ കീടനാശിനി തളിക്കുന്നതിനും വിളകളുടെ ആരോഗ്യം വിലയിരുത്തുന്നതിനും പ്രയോജനപ്പെടുത്താം. അതിർത്തി സുരക്ഷയിലും നിരീക്ഷണത്തിലും ഡ്രോണുകൾ ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കും. മരുന്നുകളും അവശ്യവസ്തുക്കളും ദുർഘടമായ പ്രദേശങ്ങളിൽ എത്തിക്കാൻ ലോജിസ്റ്റിക്സ് ഡ്രോണുകൾ സഹായിക്കും.

  • Share This Article
Drisya TV | Malayalam News