കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ച 2 കോടി രൂപ മൂല്യമുള്ള ആഭരണങ്ങൾ നഷ്ടമായെന്നാണ് പൊലീസിൽ പരാതി ലഭിച്ചത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.
രത്നക്കല്ലുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്. ഇതിനു 10 ദിവസം മുൻപും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു. തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താതിരുന്നതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.