Drisya TV | Malayalam News

PNG കണക്ഷനും LPG കണക്ഷനും ഉള്ള വീടുകൾ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ

 Web Desk    15 Mar 2026

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനും ഒപ്പം ഗാർഹിക എൽപിജി (LPG) കണക്ഷനും ഉള്ള വീടുകൾ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് ശനിയാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം കാരണം ഇന്ത്യയിലെ ഇന്ധന ഇറക്കുമതി തടസപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾ കാരണം ഇന്ത്യയുടെ എൽപിജി ഇറക്കുമതിയെ ബാധിച്ചതാണ് ഇത്തരമൊരു അടിയന്തര തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. രാജ്യത്തെ നിലവിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് സർക്കാർ വിതരണ നിയമങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ശനിയാഴ്ചത്തെ വിജ്ഞാപനം അനുസരിച്ച്, പിഎൻജി ഉപയോഗിക്കുന്നവർ പുതിയ എൽപിജി കണക്ഷൻ എടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം ഉപഭോക്താക്കൾ പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നോ അവരുടെ വിതരണക്കാരിൽ നിന്നോ സിലിണ്ടർ റീഫിൽ ചെയ്യാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 'പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുള്ള ഒരു വ്യക്തിയും എൽപിജി കണക്ഷൻ കൈവശം വെക്കാനോ സർക്കാർ എണ്ണക്കമ്പനികളിൽ നിന്ന് റീഫിൽ എടുക്കാനോ പാടുള്ളതല്ല.അങ്ങനെയുള്ളവർ തങ്ങളുടെ എൽപിജി കണക്ഷൻ ഉടൻ സറണ്ടർ ചെയ്യേണ്ടതാണ്.' വിജ്ഞാപനത്തിൽ പറയുന്നു.

വെള്ളിയാഴ്ച, ഇന്ത്യൻ പതാക വഹിച്ച ശിവാലിക്, നന്ദാദേവി എന്നീ രണ്ട് എൽപിജി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇസ്രയേൽ-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് മാർച്ചിലെ ആദ്യ വാരം മുതൽ ഈ പാത ഭാഗീകമായി അടച്ചിട്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്.ഹോർമുസ് കടലിടുക്ക് അടച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News