Drisya TV | Malayalam News

റഷ്യൻ എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് ഇളവ് നൽകിയിരിക്കുകയാണ് ട്രംപ്

 Web Desk    13 Mar 2026

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെല്ലാം തീരുവ ചുമത്തി സമ്മർദം സൃഷ്ടിച്ചവരാണ് ട്രംപ് ഭരണകൂടം. ഇപ്പോൾ പശ്ചിമേഷ്യ സംഘർഷ ഭരിതമാവുകയും ഇറാൻ ഹുർമുസ് കടലിടുക്ക് അടക്കുകയും ചെയ്തതോടെ നിരവധി രാജ്യങ്ങൾ എണ്ണ, പ്രകൃതി വാതക ലഭ്യത ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാണ്.

ഇതോടെ റഷ്യൻ എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് ഇളവ് നൽകിയിരിക്കുകയാണ് ട്രംപ്. നിലവിൽ കടലിൽ കുടുങ്ങി കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകളിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് താൽക്കാലിക അനുമതി നൽകുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് അറിയിച്ചു.

2022 ആഗസ്റ്റിന് ശേഷം ആദ്യമായാണ് വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തുന്നത്. ഇതോടെയാണ് യു.എസിന്‍റെ പുതിയ നടപടി. മാർച്ച് 12നകം കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണക്കും പെട്രോളിയം ഉൽപന്നങ്ങൾക്കും മാത്രമാണ് ഇളവുണ്ടാവുക.

ഖനനം ചെയ്യുമ്പോൾ ഈടാക്കുന്ന നികുതിയിലൂടെയാണ് റഷ്യൻ സർക്കാറിന് പ്രധാന വരുമാനം ലഭിക്കുന്നതെന്നും അതിനാൽ കടലിൽ എത്തിക്കഴിഞ്ഞ എണ്ണ വിറ്റഴിക്കുന്നത് അവർക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കില്ലെന്നും സ്കോട്ട് ബെസന്‍റ് അവകാശപ്പെട്ടു.

ഇറാന് നേരെയുണ്ടായ യു.എസ്- ഇസ്രായേൽ യുദ്ധത്തെ തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷാവസ്ഥ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാന് നിയന്ത്രണമുള്ള ഹുർമുസ് കടലിടുക്ക് അടച്ചതോടെയാണ് എണ്ണ വില കുതിച്ചുയരാൻ കാരണമായത്. യുദ്ധം പെട്ടെന്ന് അവസാനിച്ചാൽ പോലും ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ സാധ്യതയില്ലെന്ന് വിഗദ്ധർ പറയുന്നു. ഈ ഊർജ പ്രതിസന്ധി മറികടക്കാനാണ് റഷ്യൻ എണ്ണയുടെ കാര്യത്തിൽ യു.എസ് വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News