വേനൽചൂടിനൊപ്പം പാചകവാതക ക്ഷാമവും രൂക്ഷമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വലിയ തോതിലാണ് വൈദ്യുതി ആവശ്യകത വർധിച്ചത്. പാചകവാതക ലഭ്യത കുറഞ്ഞതോടെ വീടുകളിൽ ഇൻഡക്ഷൻ കുക്കർ, ഹോട്ട് പ്ലേറ്റ്, എയർ ഫ്രയർ, മൈക്രോവേവ് തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതാണ് ഉപഭോഗം ഉയരാൻ പ്രധാന കാരണം.
ഈ ആഴ്ചയോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ഈ വർഷം ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. മാർച്ച് 12ന് മാത്രം 102.9 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഉപയോഗമാണിത്.
കഴിഞ്ഞ വർഷം ഇടവിട്ട് വേനൽമഴ ലഭിച്ചതോടെ താപനില കുറയുകയും വൈദ്യുതി ഉപഭോഗം നിയന്ത്രിതമായി തുടരുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം ചൂട് ഉയർന്ന നിലയിൽ തുടരുന്നതും പാചകവാതക ക്ഷാമവും ചേർന്നതാണ് നിലവിലെ അവസ്‌ഥയ്ക്ക് കാരണമെന്ന് അധികൃതർ പറയുന്നു.അതേസമയം, വിവിധ കരാറുകൾ വഴി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനാൽ സംസ്‌ഥാനത്ത് വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.