Drisya TV | Malayalam News

ഇന്ത്യയിലേക്ക് എത്താൻ ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ അനുമതി കാത്ത് 8 എൽപിജി കപ്പലുകൾ

 Web Desk    13 Mar 2026

ഇന്ത്യയിലേക്ക് എത്താൻ ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ അനുമതി കാത്ത് കിടക്കുന്നത് 8 എൽപിജി കപ്പലുകൾ. ഇതിനു പുറമേ മറ്റ് 28 ഇന്ത്യൻ വാണിജ്യ കപ്പലുകളും അനുമതിക്കായി കാത്തുകിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കഴിഞ്ഞ 4-5 ദിവസമായി ഇറാനിയൻ സൈന്യം ഇന്ത്യൻ കപ്പലുകളെയും ഹോർമുസ് വഴി പോകാൻ അനുവദിച്ചിട്ടില്ലെന്നാണ് വിവരം. ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല.

എൽപിജി കപ്പലുകൾ ഇന്ത്യയിലെത്തിയാൽ, രാജ്യം നിലവിൽ നേരിടുന്ന എൽപിജി ക്ഷാമത്തിന് ചെറിയൊരളവ് പരിഹാരമാകും. ഇന്ത്യൻ കപ്പലുകളെ കടത്തിവിടുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിയൻ അധികൃതരുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ട്. അമേരിക്കയുടെ ‘ടോർപിഡോ’ ആക്രമണം ഭയന്ന് ഇന്ത്യയിൽ അഭയംതേടിയ 250 ഇറാനിയൻ നാവികർക്ക് തിരികെ വീടെത്താനും ഹോർമുസ് വഴിയുള്ള കപ്പൽയാത്രയ്ക്ക് ഇറാന്റെ അനുമതി വേണം.

ഹോർമുസിന്റെ പടിഞ്ഞാറൻ ഭാഗത്ത് 24 കപ്പലുകളും കിഴക്കൻ ഭാഗത്ത് 4 കപ്പലുകളും അനുമതി തേടി കിടക്കുന്നുണ്ട്. ഇവയിലായി ആകെ 800നടുത്ത് ഇന്ത്യൻ ജീവനക്കാരുമുണ്ട്. ഇതിനുപുറമേ ചില വിദേശ കപ്പലുകളിലായി 78 ഇന്ത്യൻ ജീവനക്കാരും ഹോർമുസിന് സമീപത്തുണ്ട്. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കാനുമാണ് ഇന്ത്യ ഇറാനുമായി ചർച്ച നടത്തുന്നത്. 

ഉപഭോഗത്തിനുള്ള എൽപിജിയുടെ 65 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ 90 ശതമാനവും വരുന്നത് ഹോർമുസ് വഴി ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നായിരുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയിൽ എൽപിജി പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News