സിപിഎമ്മുമായി അകന്ന മുൻമന്ത്രി ജി.സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കും. അമ്പലപ്പുഴ മണ്ഡലത്തിൽനിന്നു ജനവിധി തേടുമെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. സ്വതന്ത്ര സ്ഥഥാനാർഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ലെന്നും പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണെന്നും പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ലെന്നും പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്, പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. പുസ്തകം വായിച്ചു നോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ എന്നും യുവാക്കളിൽ ആവേശം സൃഷ്ടിക്കുന്ന രാഷ്ട്രീയ സമീപനം ഒരു പാർട്ടിക്കും ഇല്ലെന്നും സുധാകരൻ പറഞ്ഞു.