കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ബസ് ടെർമിനൽ യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടനകാലത്ത് അയ്യപ്പഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പഴയ കെട്ടിടങ്ങൾക്കു പകരം മനോഹരവും ആധുനികവുമായ കെട്ടിടങ്ങളാണ് ഇനി കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടാകുക.കഴിഞ്ഞ രണ്ടരവർഷത്തിനിടെ ചെറുതും വലുതുമായ ഏകദേശം 80 പരിഷ്‌കാരങ്ങൾ നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.