ഉള്ളടക്കത്തിന്റെയും പേരിന്റെയും പേരിൽ തർക്കം ഉന്നയിക്കപ്പെട്ട 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസിനുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വ്യാഴാഴ്‌ച റിലീസ് തടഞ്ഞത്.
ഇതിന് പിന്നാലെ സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. വ്യാഴാഴ്ച രാത്രി അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷം ഇന്നാണ് വിധി പറഞ്ഞത്. ഇന്ന് സിനിമ റിലീസ് ചെയ്യാനിരിക്കേയായിരുന്നു പ്രദർശനം വിലക്കിയത്. പുതിയ ഉത്തരവോടെ ഇന്ന് തന്നെ സിനിമ പ്രദർശനത്തിന് എത്തിയേക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ നിർമാതാക്കൾ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു.സിനിമയുടെ റിലീസിങ് തടയുന്നത് നിർമാതാവിനെ സാമ്പത്തികമായി ഇല്ലാതാക്കുമെന്നും ഏതെങ്കിലും മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നതല്ല സിനിമ എന്നുമായിരുന്നു അപ്പീലിലെ വാദം.