സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്കു മദ്യത്തിന്‍റെ പരസ്യം നൽകി വിൽപനയ്ക്കുള്ള പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്റിജസ് കോർപറേഷൻ. ബ്രാന്‍ഡ് ഒന്നിന് അയ്യായിരം രൂപ വീതം വാങ്ങി മൂന്ന് വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടർ നൽകാൻ താൽപര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ, സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ സ്വകാര്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡ് മദ്യം യഥേഷ്ടം വിൽക്കാൻ കഴിയും. തുടക്കത്തിൽ കൊല്ലം കുണ്ടറ, തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൗണ്ടറിനു നാമമാത്രമായ വാടക ഈടാക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ എതിർപ്പുണ്ട്. മദ്യഷോപ്പുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് 'പ്രോജക്ട് ബോട്ടിൽ ക്ലബ്' എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ബെവ്കോ എംഡിയുടെ സർക്കുലറിൽ പറയുന്നു. ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഷോപ്പിലെ ഓരോ വരിയും റം, ബ്രാൻഡി, വോഡ്ക, വൈൻ എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള മദ്യങ്ങൾക്കായി മാറ്റിവയ്ക്കും.