ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നിർമിതബുദ്ധി (എഐ) ലാബുകളിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ഓപ്പൺഎഐ എൻജിനിയർ ഹിയു ഫാം. ഇലോൺ മസ്‌കിന്റെ എക്‌സ് എഐയിലും ഗൂഗിൾ ബ്രെയിനിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം എക്‌സ് പോസ്റ്റിലൂടെയാണ് എഐയുമായി ബന്ധപ്പെട്ട ജോലികളെല്ലാം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. എഐ വലിയ ഭീഷണിയാണെന്ന് അടുത്തിടെ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് രാജി പ്രഖ്യാപനം.
എഐ ഉയർത്തുന്ന വലിയ ഭീഷണി താൻ യഥാർഥത്തിൽ അനുഭവിക്കുന്നുവെന്ന് അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എഐ ഒരു പരിധിക്കപ്പുറം മികച്ചതാകുകയും എല്ലാം താളം തെറ്റിക്കുകയും ചെയ്യുമ്പോൾ, മനുഷ്യർക്ക് ചെയ്യാൻ എന്ത് ചെയ്യാനുണ്ടാകും എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുടുംബത്തോടൊപ്പം വിയറ്റ്‌നാമിലേക്ക് പോകുകയാണെന്നും അവിടെവെച്ച് തന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സുരക്ഷാ വിഭാഗം തലവൻ മൃണാങ്ക് ശർമ നേരത്തെ സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് കമ്പനി വിട്ടിരുന്നു. എഐ രംഗത്ത് പ്രവർത്തിക്കുക എന്നത് അഭിമാനകരമാണെങ്കിലും അത് തന്റെ ആരോഗ്യത്തിന് ഭീഷണി ഉയർത്തി തുടങ്ങിയെന്ന് ഹിയു ഫാം പറയുന്നു. തളർന്നുപോയി. ഒരുകാലത്ത് പുച്ഛത്തോടെ കണ്ടിരുന്ന എല്ലാ മാനസികാരോഗ്യ പ്രശ്‌നങ്ങളും യഥാർഥത്തിൽ ദുരിതപൂർണവും ഭയപ്പെടുത്തുന്നതും അപകടകരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാമിന്റെ രാജി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹത്തെ പിന്തുണച്ച് എഐ രംഗത്തെ മറ്റുപലരും രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളിലെ മുതിർന്ന എഐ ഗവേഷകനായ രാജ് ദാബ്രെ എഐ ലാബുകളിലെ ജോലിയുടെ സമ്മർദം വളരെ കടുത്തതാണെന്ന് വെളിപ്പെടുത്തി. ധാരാളം പണം ലഭിക്കും, പക്ഷേ കടുത്ത സമ്മർദ്ദത്തോടെ പ്രവർത്തിക്കുമ്പോൾ അത് താങ്ങാനാവാത്ത ഭാരമാണ് നൽകുന്നത്. അത് തുറന്നുപറയാൻ മടിയൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.