നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ കുറിച്ച് പരാമർശിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം എൻ.സി.ഇ.ആർ.ടി പിൻവലിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിഷയത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. തികച്ചും അവിചാരിതമായി സംഭവിച്ചതാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എൻ.സി.ഇ.ആർ.ടി അറിയിച്ചു.
പുതിയതായി പുറത്തിറക്കിയ എട്ടാം ക്ലാസിലെ 'Exploring Society: India and Beyond, Vol II' എന്ന പുസ്തകത്തിലെ നാലാം അധ്യായമായ 'നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്' എന്ന ഭാഗത്താണ് വിവാദ പരാമർശങ്ങൾ കടന്നുകൂടിയത്. വിഷയത്തിൽ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിക്കുകയും പുസ്തകത്തിന്റെ വിതരണം തടയാൻ ഉത്തരവിടുകയും ചെയ്തതിന് പിന്നാലെയാണ് ഖേദപ്രകടനം.
ഈ പിശക് തികച്ചും അവിചാരിതമാണ്. അനുചിതമായ കാര്യങ്ങൾ പാഠഭാഗത്ത് ഉൾപ്പെട്ടതിൽ എൻസിഇആർടി ഖേദിക്കുന്നു. ഭരണഘടനാപരമായ അറിവ്, സ്ഥാപനങ്ങളോടുള്ള ബഹുമാനം, ജനാധിപത്യ പങ്കാളിത്തത്തെക്കുറിച്ചുള്ള അവബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തുക എന്നതാണ് പുതിയ പാഠപുസ്തകങ്ങളുടെ ലക്ഷ്യമെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എൻ.സി.ഇ.ആർ.ടി അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പുസ്തകത്തിന്റെ വിതരണം നിർത്തിവയ്ക്കുകയും വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഈ അധ്യായം ഇപ്പോൾ ഉചിതമായ അധികാരികളുമായി കൂടിയാലോചിച്ച് മാറ്റിയെഴുതുകയും 2026–27 അക്കാദമിക് സെഷൻ മുതൽ വിദ്യാർത്ഥികൾക്കായി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യും.