എ.ഐ. സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ കരിമ്പിൻ പാടത്ത് ഇരട്ടി വിളവ് ലഭിച്ചതിന്റെ ആനന്ദത്തിലാണ് കർഷകർ. കലബുറഗി ജില്ലയിലെ ആലന്ദ് താലൂക്കിലെ തടക്കൽ ഗ്രാമത്തിലെ കരിമ്പിൻ പാടത്താണ് എ.ഐ. സെൻസർ ഉപകരണം സ്ഥാപിച്ച് കൃഷിയുടെ പുതിയ വിജയഗാഥ രചിച്ചത്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് നടത്തിയ പരീക്ഷണം തുടരാനാണ് കർഷകരുടെ തീരുമാനം.
ചെലവ് 30-40 ശതമാനം കുറച്ച് അധികവിളവാണ് സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ കർഷകർക്ക് ലഭിച്ചത്. എ.ഐ. സെൻസർ ഉപയോഗിച്ച് മണ്ണിന്റെ സ്വാഭാവം കൃത്യമായി മനസ്സിലാക്കി വിളകൾക്ക് എപ്പോൾ, എത്ര അളവിൽ വെള്ളവും പോഷകങ്ങളും നൽകണമെന്ന് കർഷകർക്ക് മാർഗനിർദേശം നൽകും. മഹാരാഷ്ട്രയിലെ ബാരാമതിയിലെ കരിമ്പ് മേഖലയിൽ സമാനരീതി പിന്തുടർന്ന് വിജയം കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തടക്കൽ ഗ്രാമത്തിലെ കർഷകരും എ.ഐ. പാത പിന്തുടർന്നത്. 500 ഏക്കർ സ്ഥലത്ത് കൃഷിചെയ്ത കർഷകർക്ക് കൃഷിച്ചെലവിലേക്ക് മുൻകൂർതുക നൽകി എൻ.എസ്.എൽ. ഷുഗേഴ്‌സ് കമ്പനിയും ബാരാമതിയിലെ കൃഷി വിജ്ഞാനകേന്ദ്രവും (കെ.വി.കെ.) മൈക്രോസോഫ്റ്റും സംരംഭത്തിൽ സാമ്പത്തികവും സാങ്കേതികവുമായി പങ്കാളികളായി.
കാലാവസ്ഥാ വ്യതിയാനങ്ങൾ, മഴയുടെ സൂചന, താപനില, പെട്ടെന്നുള്ള മഴയുടെ സാധ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മൈക്രോസോഫ്റ്റ് കമ്പനി സെൻസർ നൽകുന്ന വിവരങ്ങളിലൂടെ അവലോകനംചെയ്ത് കർഷകർക്ക് കൈമാറും. കൂടാതെ, മണ്ണിന്റെ ഈർപ്പത്തിന്റെ അവസ്ഥ, താപനില, പോഷകങ്ങൾ, കീടങ്ങൾ, വിള വളർച്ച എന്നിവയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും.
കെ.വി.കെ. ഉദ്യോഗസ്ഥർ കീടങ്ങളുടെ ആക്രമണത്തെക്കുറിച്ചും ജലപരിപാലനത്തെക്കുറിച്ചും സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകരുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയക്കും. ഈ വിവരങ്ങൾ ശേഖരിച്ചാണ് കർഷകർ കൃഷി പരിപാലനം മുന്നോട്ടുകൊണ്ടുപോയത്. ഇത്തരം വിവരങ്ങളെ ആസ്പദമാക്കി കരിമ്പ് നടുന്നതിലൂടെ രാസവളങ്ങളുടെ പാഴാക്കൽ ഒഴിവാക്കാനും ഉത്പാദനക്ഷമത ഗണ്യമായി വർധിപ്പിക്കാനും കഴിഞ്ഞെന്ന് കർഷകർ അവകാശപ്പെട്ടു. 18 ഏക്കർ കൃഷിചെയ്ത് ഏക്കറിന് 105 ടൺ വിളവ് ലഭിച്ചതായി കർഷകനായ ബസവരാജ് പാട്ടീൽ പറഞ്ഞു. കരിമ്പിന്റെ വിളവിൽ ഏകദേശം 40 ശതമാനമാണ് ഈ വർധനവെന്ന് കർഷകർ പറയുന്നു.