Drisya TV | Malayalam News

തീരുവ ചുമത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഭാവിയിൽ ആദായനികുതിക്ക് പകരമാകുമെന്ന് ഡൊണാൾഡ് ട്രംപ്

 Web Desk    25 Feb 2026

വിദേശ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഭാവിയിൽ ആദായനികുതിക്ക് പകരമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുവഴി അമേരിക്കൻ ജനതയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച നടന്ന 'പീപ്പിൾസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

മറ്റ് രാജ്യങ്ങൾ വർഷങ്ങളായി അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും ഡെമോക്രാറ്റുകൾക്ക് പോലും ഇക്കാര്യം അറിയാമെങ്കിലും അവർ അത് തുറന്നുപറയാൻ തയ്യാറാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. വിദേശ രാജ്യങ്ങൾ നൽകുന്ന താരിഫുകൾവഴി നൂറുകണക്കിന് ബില്യൺ ഡോളർ സമാഹരിക്കാൻ കഴിഞ്ഞെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും വലിയ ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

താരിഫുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി നിരാശാജനകമാണ്. എങ്കിലും, തന്റെ പക്കലുള്ള പ്രസിഡന്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് പുതിയ കരാറുകൾ ഉണ്ടാക്കാനാകുമെന്നും ട്രംപ് പറഞ്ഞു. താരിഫ് ഭീഷണി ഉയർത്തിയാണ് താൻ പല യുദ്ധങ്ങളും അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. തീരുവ സംബന്ധിച്ച നിലവിലെ നിയമപരമായ തടസങ്ങൾ പരിഹരിക്കുമെന്നും അമേരിക്കയെ രക്ഷിക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News