മധ്യപ്രദേശിലെ സെഹോറിൽ നിന്ന് അസാധാരണമായ ഒരു കേസ് വാർത്താ പ്രാധാന്യം നേടി. ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാർ വാങ്ങിയ കടം, 109 വർഷങ്ങൾക്ക് ശേഷം കുടുംബം തിരികെ ചോദിച്ച് കേസ് നൽകാൻ ഒരിങ്ങിയിരിക്കുന്നു. കുടുംബം പറയുന്നതനുസരിച്ച്, 1917 -ൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് നൽകിയ 35,000 രൂപയുടെ വായ്പ,പലിശ സഹിതം, ഇന്ന് കോടിക്കണക്കിന് രൂപയുടെ തുകയായി വളർന്നു. ആ പണമാണ് ഇപ്പോൾ കൊച്ചു മകൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സെഹോറിലെ പ്രശസ്ത ബിസിനസുകാരനായ സേത്ത് ജുമ്മ ലാൽ റുത്തിയ 1917 -ൽ, ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് 35,000 രൂപ കടം കൊടുത്തിരുന്നു. യുദ്ധ സമയത്ത്, ബ്രിട്ടീഷ് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ അടിയന്തിരമായി പണം ആവശ്യമായി വന്നു. ഈ സമയം സാമ്പത്തിക സഹായത്തിനായി പ്രാദേശിക ഭരണകൂടം സേത്ത് ജുമ്മ ലാലിനെ സമീപിച്ചു.
അദ്ദേഹം 35,000 രൂപ കൈമാറുകയും ചെയ്തു. കടം വാങ്ങിയ പണം തിരിച്ച് നൽകുമെന്ന് കാണിച്ച് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് അന്ന് രേഖകളും കൈമാറി.
ബ്രിട്ടീഷ് സർക്കാർ ഒരിക്കൽ പോലും കടം തീർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സേത്ത് ജുമ്മ ലാലിന്റെ ചെറുമകനായ വിവേക് റുത്തിയ ഇപ്പോൾ അവകാശപ്പെടുന്നു. 'ചരിത്രപരമായ ഒരു സാമ്പത്തിക ബാധ്യത' വീണ്ടെടുക്കാൻ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് താനെന്നും വിവേക് റുത്തിയ പറയുന്നു. പണപ്പെരുപ്പം മാത്രം കണക്കിലെടുക്കുമ്പോൾ, 1917 -ലെ 35,000 രൂപ ഇന്നത്തെ കറൻസിയിൽ ഏകദേശം 1.85 കോടി രൂപയ്ക്ക് തുല്യമായിരിക്കും.