ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ വിമാനത്താവളം) രാജ്യത്തിന് സമർപ്പിക്കും. ഉത്തർപ്രദേശിലെ നോയിഡയ്ക്ക് സമീപമുള്ള ജെവാർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം ഡൽഹിയുടെ തിരക്കേറിയ എയർ ഹബ്ബിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും വടക്കേ ഇന്ത്യയിലേക്ക് ഒരു ആധുനിക വ്യോമഗതാഗത കവാടം തുറക്കാനുമാണ് രൂപകൽപ്പന ചെയ്തത്.
വടക്കേ ഇന്ത്യയിലെ വ്യോമയാത്രയുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനാണ് ജെവാർ വിമാനത്താവളം വികസിപ്പിക്കുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ശേഷിയുടെ പരിധിയിൽ പ്രവർത്തിക്കുന്നതിനാൽ, ഈ പുതിയ സൗകര്യം ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു പ്രധാന ബദൽ കേന്ദ്രമായി പ്രവർത്തിക്കും.
വിമാനത്താവളത്തിന്റെ ആദ്യഘട്ടം തന്നെ ലോകോത്തര യാത്രാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സുഗമമായ ചെക്ക്-ഇൻ സംവിധാനങ്ങൾ, പാസഞ്ചർ ലോഞ്ചുകൾ, റീട്ടെയിൽ സോണുകൾ, ഡ്യൂട്ടി-ഫ്രീ ഷോപ്പിങ് എന്നിവയുള്ള ആധുനിക ടെർമിനൽ മികച്ച അനുഭവം നൽകും. 3,900 മീറ്റർ റൺവേ വലിയ വൈഡ്-ബോഡി വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളതാണ്. ഇത് ആദ്യ ദിവസം മുതൽ നേരിട്ടുള്ള ഇന്റർനാഷണൽ കണക്റ്റിവിറ്റി സാധ്യമാക്കുന്നു.
തുടക്കത്തിൽ, പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലീകരണ പദ്ധതികളിലൂടെ പ്രതിവർഷം 60 മുതൽ 120 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊണ്ട് ശേഷി വർധിപ്പിക്കാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വ്യോമഗതാഗത കേന്ദ്രങ്ങളിൽ ഒന്നായി ജേവാറിനെ മാറ്റാണ് ഉദ്ദേശിക്കുന്നത്.വലുപ്പംകൊണ്ട് മാത്രമല്ല ജെവാർ വിമാനത്താവളം ശ്രദ്ധനേടുന്നത്. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ആഗ്ര, മറ്റ് പ്രധാന നഗരങ്ങളുമായി വിമാനത്താവളത്തെ സുഗമമായി ബന്ധിപ്പിക്കുന്നതിനായി എക്സ്പ്രസ് വേകളുടെയും ഗതാഗത ലിങ്കുകളുടെയും ഒരു ശൃംഖല തന്നെ വികസിപ്പിക്കുന്നുണ്ട്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം, ഇത് യാത്രാ സമയം കുറയ്ക്കുകയും പ്രധാന നഗരങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇടയിൽ എളുപ്പത്തിൽ എത്താൻ സഹായിക്കുകയും ചെയ്യും.