കോഴിക്കോട് കാക്കൂറിൽ പ്ലസ് ടു വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. പ്രഷര്‍ വാഷറിൽ നിന്ന് ഷോക്കേറ്റാണ് അപകടം.
പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അയൽവാസിയാണ് ബോധരഹിതനായി വീണ് കിടക്കുന്ന അഭിജിത്തിനെ ആദ്യം കണ്ടത്.ഇതേ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ഉടൻ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.