Drisya TV | Malayalam News

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

 Web Desk    16 Jan 2026

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്ത‌ി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.

അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകൾ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശ്ശീലയിൽ അനശ്വരയാക്കാൻ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകർച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ൽ 'തുലാഭാരം' എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്.

1972 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചിത്രത്തിലൂടെയും 1977 ൽ തെലുങ്ക് ചിത്രമായ 'നിമജ്ജന'ത്തിലൂടെയും അവർ ദേശീയ അംഗീകാരം നേടി.ത്രിവേണി, മുറപ്പെണ്ണ്, മൂലധനം,ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അർഹയാണെന്ന്  ജൂറി വിലയിരുത്തി. 2017ലെ ജെ.സി ഡാനിയേൽ അവാർഡ്  ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും നടി ഉർവശി,സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറ സി.അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്ക‌ാര ജേതാവിനെ തെരഞ്ഞെടുത്തത്.

  • Share This Article
Drisya TV | Malayalam News