വിട്ടുമാറാത്ത തലവേദന മാറാൻ പച്ച മീൻ വിഴുങ്ങിയ 50കാരി ഗുരുതരാവസ്ഥയിൽ. കിഴക്കൻ ചൈനയിലാണ് സംഭവം. തലവേദന മാറുമെന്നുള്ള വിശ്വാസത്തെ തുടർന്ന് മീൻ വിഴുങ്ങുകയായിരുന്നു. ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള ലിയു എന്ന സ്ത്രീയാണ് പച്ച മത്സ്യം വേവിക്കാതെ കഴിച്ചതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
പച്ച മത്സ്യം കഴിക്കുന്നത് ചൂട് പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിന് മാറാനും സഹായിക്കുമെന്ന പരമ്പരാഗത വിശ്വാസം പിന്തുടർന്നാണ് ലിയു മീൻ വിഴുങ്ങിയത്. ഡിസംബർ 14ന് രാവിലെ ലിയു ഒരു പ്രാദേശിക മാർക്കറ്റിൽ നിന്ന് 2.5 കിലോഗ്രാം ഭാരമുള്ള ഒരു ഗ്രാസ് കാർപ്പ് വാങ്ങി. വീട്ടിലെത്തിയ ശേഷം മീൻ പച്ചയോടെ വിഴുങ്ങുകയായിരുന്നു. നാളുകളായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന തലവേദനക്ക് ഉടൻ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവർ.
എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ലിയുവിന് കടുത്ത ഛർദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങി. നില വഷളായപ്പോൾ പരിഭ്രാന്തരായ കുടുംബം ഉടൻ ആശുപത്രിയിലെത്തിച്ചു. മത്സ്യത്തിന്റെ പിത്താശയത്തിൽ നിന്നുള്ള വിഷബാധയാണ് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. രോഗിയുടെ ആരോഗ്യനില കണക്കിലെടുത്ത് ജിയാങ്സു സർവകലാശാലയിലെ അഫിലിയേറ്റഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം ലിയുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പിന്നീട് ആശുപത്രി വിടുകയും ചെയ്തു. ജനുവരി 7 ന് ആശുപത്രി ഔദ്യോഗികമായി സംഭവം റിപ്പോർട്ട് ചെയ്‌തതായി SCMP അറിയിച്ചു.
മീനിന്റെ പിത്തസഞ്ചി വിഷാംശമുള്ളതാണെന്ന് ലിയുവിനെ ചികിത്സിച്ച ഡോക്ടർ ഹു ഷെൻകുയി മുന്നറിയിപ്പ് നൽകി. അഞ്ച് കിലോഗ്രാമോ അതിൽ കൂടുതലോ ഭാരമുള്ള മത്സ്യങ്ങളിൽ നിന്നുള്ള പിത്താശയം പോലും മാരകമായേക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ കരളിനെയും വൃക്കകളെയും സാരമായി ബാധിക്കുമെന്നും ഇത് അവയവങ്ങളുടെ പ്രവർത്തനം ഗുരുതരമായി തകരാറിലാക്കുമെന്നും ഹു കൂട്ടിച്ചേർത്തു. അപൂർവമായ സന്ദർഭങ്ങളിൽ, രോഗികൾക്ക് സെറിബ്രൽ രക്തസ്രാവം അല്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാമെന്നും ഡോക്ടർ പറഞ്ഞു.